പ്രാക് ചരിത്രം: പറവൂര്‍ പണ്ട് രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവഞ്ചിക്കുളത്തിന് സമീപമായ പറവൂര്‍ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പറവൂരുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്നു. പറവൂര്‍ രാജാവിന്റെ ഭരണത്തിന്റെ സ്മാരകമായി ഒരു മണ്‍കോട്ട നിലനിന്നിരുന്നത് ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറില്‍ നടത്തിയ ആക്രമണത്തിനിടയില്‍ തകര്‍ന്നു. കോട്ടയുടെ സമീപത്തുകൂടി പോകുന്ന റോഡ് 'ഫോര്‍ട്ട് റോഡ്' എന്നു നാമകരണം ചെയ്തു.
സ്ഥലനാമോല്പത്തി: പറവൂര്‍ പട്ടണം ഒരു കാലത്ത് നാടുവാഴികളായ പറവൂര്‍ തമ്പുരാക്കന്മാരുടെ ആസ്ഥാനമായിരുന്നു. 'പറവകളുടെ ഊര്' എന്നത് ' പറവൂര്‍ ' ആയി എന്നാണ് ഐതിഹ്യം.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍: സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ ഘടകം പറവൂരില്‍ രൂപീകൃതമായത് 1938 ലാണ്. മഹാത്മാഗാന്ധി പറവൂര്‍ സന്ദര്‍ശിക്കുകയും പറവൂര്‍ കച്ചേരി മൈതാനിയില്‍ നടന്ന ഒരു വമ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുമുണ്ടായി. എന്‍ ശിവന്‍പിളള ക്വിറ്റ് ഇന്ത്യ മുദ്രാവാക്യങ്ങള്‍ ദേഹത്ത് തൂക്കിയിട്ട് ആലുവായില്‍ നിന്ന് തീവണ്ടിമാര്‍ഗ്ഗം തൃശ്ശൂരിലേക്ക് യാത്ര ചെയ്തു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രഥമ പറവൂര്‍ താലൂക്ക് സമ്മേളനം 1945 ചൂണ്ടാണിക്കാവ് മൈതാനത്ത് നടന്നു. 1947 ജൂണില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധദിനാചരണം നടക്കുകയുണ്ടായി.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍: ജാതി വിരുദ്ധ പ്രസ്ഥാനം യുക്തിവാദ പ്രസ്ഥാനം തുടങ്ങി സാമൂഹ്യവിപ്ലവത്തിന് തുടക്കമിട്ട പ്രസ്ഥാനങ്ങള്‍ ഇവിടെ ആരംഭിച്ചു. 113- ല്‍ ഉണ്ടായ നിവര്‍ത്തന പ്രസ്ഥാനം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം: ഈ നഗരത്തില്‍ കൂടിയാണ് എന്‍. എച്ച് 17 കടന്നു പോകുന്നത്. പറവൂര്‍ ടൌണില്‍ ഒരു മാര്‍ക്കറ്റ് സ്ഥാപിച്ചത് ഏകദേശം 150 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഇന്ന് ഈ തെരുവ് ഇരിക്കുന്ന സ്ഥലത്തായിരുന്നു ആദ്യ മാര്‍ക്കറ്റ്. പണ്ട് പറവൂരിലെ പ്രധാന വ്യവസായം മരച്ചെക്ക് ഉപയോഗിച്ചുളള എണ്ണ ആട്ടലായിരുന്നു. ആധുനിക രീതിയിലുളള ഓയില്‍ മില്‍ ആദ്യമായി സ്ഥാപിച്ചത് തെക്കിനേടത്ത് പൊറിഞ്ചു ബ്രദേഴ്സ് ആയിരുന്നു.